യൂറോപ്യൻ മലയാളികളുടെ ആധികാരിക ശബ്ദം

മോഷ്ടിച്ച കാറുമായി കൗമാരക്കാരുടെ ചേസിങ്: ഗാർഡയുടെ കാർ അപകടത്തിൽപ്പെട്ടു, രണ്ട് ഓഫീസർമാർക്ക് പരിക്ക്; 18-കാരൻ കസ്റ്റഡിയിൽ

മോഷ്ടിച്ച കാറുമായി കൗമാരക്കാരുടെ ചേസിങ്: ഗാർഡയുടെ കാർ അപകടത്തിൽപ്പെട്ടു, രണ്ട് ഓഫീസർമാർക്ക് പരിക്ക്; 18-കാരൻ കസ്റ്റഡിയിൽ

ALL NEWSIRELAND AND EU

10/20/20261 min read

ഡബ്ലിൻ: മോഷ്ടിച്ച കാറുമായി കൗമാര സംഘം നടത്തിയ അപകടകരമായ ഡ്രൈവിങ്ങിനിടെ ഗാർഡയുടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ രണ്ട് ഗാർഡ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ഡബ്ലിനിലെ നാങ്കോർ റോഡിലാണ് സംഭവങ്ങളുടെ തുടക്കം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ടൊയോട്ട അക്വ കാറിനോട് നിർത്താൻ ഗാർഡ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. തുടർന്ന് N4, M50 മോട്ടോർവേകളിലൂടെ എതിർദിശയിൽ (Wrong side) അപകടകരമായ രീതിയിൽ വാഹനം പായുകയായിരുന്നു.തുടർന്ന് ഈ വാഹനത്തെ പിന്തുടരുന്നതിനിടയിലാണ് ഗാർഡയുടെ പട്രോളിങ് വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ട് ഗാർഡ ഓഫീസർമാരെയും ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി അധികൃതർ വ്യക്തമാക്കി.സംഭവസ്ഥലത്തുനിന്ന് അറസ്റ്റിലായ മൂന്ന് ടീനേജർമാരിൽ രണ്ടുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കാർ ഓടിച്ചിരുന്നതെന്ന് കരുതുന്ന 18 വയസ്സുകാരൻ നിലവിൽ ഗാർഡ കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

© 2026 The Ledger. All rights reserved.

Contact:

newsroom@euromalayali.online

Euromalayali Online